കെ റെയിൽ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായി നട്ട വാഴയുടെ വിളവെടുപ്പാണ് നടന്നത്തിരുവല്ല: കെ റെയിൽ സമരക്കാർ മഞ്ഞക്കുറ്റി പിഴുത് നട്ട വാഴ കുലച്ചു. വാഴക്കുല ലേലം ചെയ്തപ്പോൾ കിട്ടിയത് 28,000 രൂപയും. തിരുവല്ല കുന്നന്താനത്താണ് സംഭവം. കെ റെയിൽ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായി നട്ട വാഴയുടെ വിളവെടുപ്പാണ് നടന്നത്. കുന്നന്താനം നടയ്ക്കൽ ജങ്ഷനിൽ നട്ട പൂവൻ വാഴക്കുലയാണ് ഇപ്പോൾ വിളവെടുത്തത്. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയാണ് വിളവെടുത്തത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്. അടിച്ചമർത്താൻ സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
വാഴക്കുല ലേലം ചെയ്തു കിട്ടിയ 28,000 രൂപ ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമ്മാണ ഫണ്ടിലേക്ക് നൽകാനാണ് സമരസമിതിയുടെ തീരുമാനം.’കെ റെയിൽ വേണ്ട കേരളം വേണം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മെയ് 31 മുതൽ ജൂൺ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു. ജൂൺ അഞ്ചിന് പദ്ധതി അനുകൂലികളായ എംഎൽഎ മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമര വാഴ നടൽ നടത്തിയിരുന്നു.