ന്യൂഡല്‍ഹി: ഇന്ത്യ-കനേഡിയന്‍ ബന്ധം വഷളാവുന്നതിനിടെ പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രതിസന്ധി സൃഷ്ടിക്കാനോ ഉള്ള ശ്രമമില്ല, എന്നാല്‍ ഒരു ഖലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകത്തെ ഗൗരവത്തോടെ കാണണമെന്ന് ട്രൂഡോ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ട്രൂഡോയുടെ പ്രതികരണം.
പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടിയല്ല പ്രതികരിച്ചത്. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുന്നതിനും നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാരുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നാണ് ട്രൂഡോയുടെ വാക്കുകള്‍. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന നിലപാട് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നെങ്കിലും ഇന്ത്യ ഇതിനെ തള്ളി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണമെത്തുന്നത്. അതിനിടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു.
പഞ്ചാബ് മേഖലയില്‍ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹര്‍ദീപ് സിങ് ജൂണ്‍ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍. ഹര്‍ദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു.