ബെംഗളുരു: പ്രഗ്യാൻ റോവറിൽ നിന്നും വിക്രം ലാൻഡറിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ഐഎസ്ആർഒ. ലാൻഡറുമായും റോവറുമായും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി, എന്നാൽ നിലവിൽ ഒരു സിഗ്നലും ലഭിച്ചിട്ടില്ല. ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രോ എക്‌സിലൂടെ അറിയിച്ചു.
ചന്ദ്രയാൻ-3 ന്ഡറെ ലാൻഡറും റോവറും വീണ്ടും പ്രവർത്തനക്ഷമമാകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. 14 ദിവസത്തെ ആയുസ് മാത്രമാണ് വിക്ഷേപണ സമയത്ത് ഇസ്രോ ചന്ദ്രയാൻ-3 ന് വിധിച്ചിരുന്നത്. എന്നാൽ വീണ്ടും ഉപകരണങ്ങൾ പ്രവർത്തിക്കാനുള്ള സാദ്ധ്യതകൾ ഇസ്രോ തിരിച്ചറിയുകയായിരുന്നു. പ്രഗ്യാൻ റോവറിനെ ഉറക്കിയ വേളയിൽ ബാറ്ററി പൂർണമായും ചാർജായ നിലയിലായിരുന്നു.
ചന്ദ്രനിലെ ഒരു ദിനം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്. പിന്നീട് 14 ഭൗമദിനങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽ സൂര്യപ്രകാശം എത്തുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ സമയത്ത് പ്രവർത്തനരഹിതമാകുമെന്നായിരുന്നു വിലയിരുത്തൽ. അതിനാലാണ് ശാസ്ത്രജ്ഞർ 14 ദിവസത്തെ ആയുസ് പറഞ്ഞിരുന്നത്.
സൂര്യരശ്മികളുടെ അഭാവത്തിൽ ശക്തമായ തണുപ്പാണ് ചന്ദ്രനിൽ അനുഭവപ്പെടുന്നത്. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെയാണ് ചാന്ദ്രരാത്രിയിലെ തണുപ്പ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകത്തിന് ഈ തണുപ്പിനെ അതിജീവിച്ച് പുനർ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.