ബഗ്ദാദ്: ഇറാഖിലെ വടക്കൻ പ്രവിശ്യയായ നിനവേയിൽ വിവാഹ ആഘോഷത്തിനിടെ വൻ തീപിടിത്തമുണ്ടായി നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു വിവരം. 150 ൽ ഏറെ ആളുകൾക്കു പരുക്കേറ്റു. വിവാഹഘോഷത്തിന്റെ ഭാഗമായി നടത്തിയ കരിമരുന്നു പ്രയോഗത്തിനിടെയാണു വിവാഹപ്പന്തലിനു തീ പിടിച്ചത്.
മൊസൂളിൽ നിന്ന് 15 കിലോമീറ്റർ അകലെ ഖരഖോഷ് പട്ടണത്തിലാണു ദുരന്തം.ക്രൈസ്തവ വിവാഹാഘോഷത്തിന്റെ ഭാഗമായി നൃത്തം ആരംഭിക്കവേ പടർന്ന തീയിൽ മേൽക്കൂര കത്തി താഴേക്കു പതിക്കുകയായിരുന്നു. വരനും വധുവിനും അപകടമുണ്ടായോ എന്ന് വ്യക്തമല്ല. ആയിരത്തോളം പേർ ഹാളിലുണ്ടായിരുന്നു.
പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ കൊണ്ടാണ് കെട്ടിടം നിർമ്മിച്ചിരുന്നത്.ഇറാഖിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ജനസംഖ്യയുള്ള പുരാതന നഗരമാണു ഖരഖോഷ്.
2014 ൽ ഐഎസ് ഈ പ്രദേശം കീഴടക്കിയതോടെ ക്രിസ്തുമത വിശ്വാസികൾ പലായനം ചെയ്തു. 2016 ൽ ഐസിനെ തുരത്തിയശേഷമാണു തിരിച്ചെത്തിയത്.