ന്യുഡൽഹി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് സർക്കാരിനോട് നിയമ കമ്മീഷന്‍. പ്രായ പരിധി 16 ആക്കി കുറയ്ക്കുന്നത് ഉചിതമല്ല. പ്രായപരിധി കുറക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള പാനൽ കേന്ദ്ര നിയമ മന്ത്രാലയത്തിന് രണ്ട് റിപ്പോർട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട കേസുകളിൽ ഭേദഗതികൾ പാനൽ നിർദ്ദേശിച്ചു. എന്നാൽ പ്രായപരിധി കുറക്കുന്നതിനെ പാനൽ എതിർത്തു. ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെയുള്ള പോരാട്ടങ്ങൾക്ക് അത് പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്ന് പാനൽ നിരീക്ഷിച്ചു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടയിലാണ് നിയമ കമ്മീഷന്റെ അഭിപ്രായം. ഏതാനും നാളുകളായി ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള 2012 ലെ നിയമം മൂലം കൗമാരക്കാർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കുന്നതായി നിരവധി ഹൈക്കോടതികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.