ലഖ്നോ: ഉത്തർ പ്രദേശിലെ മെയ്ൻപുരിയിൽ ആശുപത്രി അനാസ്ഥ മൂലം 17 കാരിയുടെ ജീവൻ നഷ്ടമായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിക്ക് ഇൻജക്ഷൻ തെറ്റി കുത്തിവെച്ചതാണ് മരിക്കാൻ കാരണം. കുട്ടി മരിച്ചെന്ന വിവരം പോലുമറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം ആശുപത്രിയുടെ പുറത്ത് നിർത്തിയിട്ട ബൈക്കിനുമുകളിൽ കെട്ടിവെച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.
ജനരോഷം ഭയന്ന് ഡോക്ടറും നഴ്സുമാരും ഒളിവിലാണ്. നീതി തേടി പെൺകുട്ടിയുടെ കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ മൃതദേഹം ബൈക്കിനു മുകളിൽ കെട്ടിവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
ചൊവ്വാഴ്ച പനി ബാധിച്ചതിനെ തുടർന്നാണ് ഭാരതി എന്ന പെൺകുട്ടിയെ രാധാ സ്വാമി ആശുപത്രിയിൽ കൊണ്ടുവന്നത്. ബുധനാഴ്ചയായപ്പോഴേക്കും ആരോഗ്യനില നന്നായി മെച്ചപ്പെട്ടു. ഡോക്ടർ അന്ന് ഒരു ഇൻജക്ഷൻ നൽകിയതോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭാരതി നേരത്തേ തന്നെ മരിച്ചതാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ തലയൂരി.
ആശുപത്രി സീൽ ചെയ്യാൻ ജില്ല മെഡിക്കൽ ഓഫിസർ നിർദേശം നൽകി. ആശുപത്രിയിലേക്ക് ഒരു ഉദ്യോഗസ്ഥനെ അയച്ചുവെങ്കിലും അവിടെ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി ആശുപത്രി സീൽ ചെയ്യുകയായിരുന്നു. ആശുപത്രി നടത്തിപ്പുകാരന്റെ ലൈസൻസ് റദ്ദാക്കി. സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് നിർദേശം നൽകി.