പൊലീസുകാര്‍ക്കെതിര രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസുകാര്‍ക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്നാണ് ഹൈക്കോടതി വിമര്‍ശനം. എല്ലാ കേസുകളും കോടതി മുന്‍പാകെ വിചാരണ ആവശ്യമില്ല. പൊലീസിന് സാമാന്യബുദ്ധി പ്രയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന നിരവധി കേസുകള്‍ ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇലക്ടിക് പോസ്റ്റില്‍ താമര ചിഹ്നം പതിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതി വിമര്‍ശനം. കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശി രോഹിത് കൃഷ്ണ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസിലെ പ്രതി നഷ്ടം വരുത്തിയത് 63 രൂപയാണ്. 63 രൂപയുടെ പൊതുസ്വത്ത് നഷ്ടപെടുത്തിയ കേസിന് കോടതികള്‍ എത്ര സമയം പാഴാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
ഇത്തരത്തില്‍ കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏതെങ്കിലും റിഫ്രഷ്മെന്റ് ക്ലാസിന് വിടണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിധിയുടെ പകര്‍പ്പ് സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.