ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് ഭീകരത തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും കുറവ് നക്‌സലൈറ്റ് ആക്രമണങ്ങളാണ് 2022ല്‍ ഉണ്ടായതെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു. നക്‌സലുകള്‍ പുതിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് തടയണമെന്നും അമിത്ഷാ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര അഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളുടെയും തലവന്മാര്‍, കേന്ദ്ര ഇന്റലിജന്‍സ്, അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍, ബിഹാര്‍, ഒഡിഷ, മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.