പറവൂർ: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സിനിമ കാണാൻ തിയറ്ററിലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഡി.വൈ.എഫ്.ഐ ഭാരവാഹികളും അടക്കമുള്ളവരാണ് ആക്രമിച്ചതെന്നാണ് യുവാവിന്‍റെ പരാതി. ഷഫാസ് തിയറ്ററിൽ ഞായറാഴ്ച രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ ഉടനാണ് ആക്രമണം. ഇടവേളയിൽ ഭാര്യയെ ദീപു കയറിപ്പിടിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ദീപു വിവരം അറിയച്ചതിനെത്തുടർന്ന് ചേന്ദമംഗലത്തെ ഡി.വൈ.എഫ്.ഐ നേതാവായ സഹോദരന്‍റെ നേതൃത്വത്തിൽ മുപ്പതോളം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സിനിമ കഴിഞ്ഞ് ഇറങ്ങിയ ദമ്പതികളെ മർദിക്കുകയായിരുന്നത്രെ. യുവതിയെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചതായും തള്ളിയിട്ടതായും പരാതിയുണ്ട്.
സ്ഥലത്ത് എത്തിയ പൊലീസ് ആക്രമികളിൽ ചിലരെ പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിലും പാർട്ടി ഇടപെട്ട് ഒത്തുതീർപ്പാക്കി ദീപുവിനെ മാത്രം ഹാജരാക്കുകയായിരുന്നെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ദീപുവിനെ റിമാൻഡ് ചെയ്തു.