ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പാലസ്തീനുള്ള സഹായം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയൻ. പാലസ്തീന് ഏറ്റവും വലിയ സാമ്പത്തിക സഹായം നൽകുന്നത് യൂറോപ്യൻ യൂണിയനാണ്. വികസന-ഭക്ഷ്യ-സാമ്പത്തിക ധനസഹായം യൂറോപ്യൻ യൂണിയൻ അവസാനിപ്പിക്കുന്നത് പാലസ്തീന് വലിയ തിരിച്ചടിയാകുമെന്നാണ് യൂറോപ്യൻ യൂണിയനെ അധികരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
ഇസ്രായേലിനും അതിലെ ജനങ്ങൾക്കുമെതിരായ ഭീകരതയുടെയും ക്രൂരതയുടെയും തോത് അതിന്റെ എല്ലാ സീമകളും ഭേദിച്ചെന്നും പഴയതുപോലെ പാലസ്തീനുമായി ഇടപെടാനോ ബന്ധങ്ങൾക്കോ താത്പര്യമില്ലെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഒലിവർ വർഹേലി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. എല്ലാ സാമ്പത്തിക സഹായങ്ങളും ഉടനടി നിർത്തിവയ്‌ക്കുമെന്നും നിലവിൽ നടക്കുന്ന പ്രോജക്റ്റുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ പാലസ്തീന് മൊത്തം 691 മില്യൺ യൂറോയുടെ സാമ്പത്തിക സഹായമാണ് നഷ്ടപ്പെടുന്നത്. ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ പാലസ്തീനുള്ള സഹായം നിർത്തുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. അതേസമയം, യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഉടൻ ചേരുമെന്നും വിഷയം ചർച്ച ചെയ്യുമെന്നും മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്.