രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധന. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. വിലയില്‍ ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി.കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണിത്. വ്യോമാക്രമണത്തിന് ശേഷം ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിച്ചതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്ക പരന്നതാണ് ക്രൂഡ് വില വര്‍ധനയിലേയ്ക്ക് നയിച്ചത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി സംഘടനയെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ സൈന്യം കരയുദ്ധം വ്യാപിപ്പിച്ചത്.
ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം ഉണ്ടായ ഉടന്‍ കാര്യമായ വര്‍ധന ക്രൂഡ് വിലയില്‍ ഉണ്ടായിരുന്നില്ല. ഇറാന്‍ പങ്കാളിയാവുകയും യുദ്ധം വ്യാപിക്കുകയും ചരക്ക് കടത്ത് ബാധിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ എണ്ണ വില വര്‍ധിക്കൂ എന്നതായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിച്ചതോടെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം തുടങ്ങിയിട്ടുണ്ട്. പത്ത് ലക്ഷം പേര്‍ താമസിക്കുന്ന പ്രദേശത്ത് നിന്ന അവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇതേ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത് എങ്കില്‍ അധികം വൈകാതെ ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്ന് ഇറാന്‍ ഓയില്‍ മന്ത്രി ജവാദ് ഓജി പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി ലെബനീസ് സായുധഗ്രൂപ്പായ ഹിസ്ബുള്ളയുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതാണ് യുദ്ധം വ്യാപിക്കുന്നതായുള്ള ആശങ്ക എണ്ണ വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.