ഓട്ടവ: പലിശ നിരക്ക് വര്‍ധന നിര്‍ത്തണമെന്ന് ഡഗ് ഫോര്‍ഡ് ബാങ്ക് ഓഫ് കാനഡയോട് അഭ്യര്‍ഥിച്ചു. ഈ ആഴ്ച വീണ്ടും പലിശ നിരക്ക് ഉയര്‍ത്തരുതെന്നാണ് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ അഭ്യര്‍ഥന.
ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെമിന് എഴുതിയ തുറന്ന കത്തില്‍ മറ്റൊരു പലിശ നിരക്ക് വര്‍ധനവ് ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയും ബിസിനസുകളെയും ദോഷകരമായി ബാധിക്കുമെന്നാണ് ഫോര്‍ഡ് പറഞ്ഞത്.
ഒന്റാറിയോയിലുള്‍പ്പെടെ ദശലക്ഷക്കണക്കിന് കനേഡിയന്‍മാര്‍ ഇതിനകം തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്ന് ഫോര്‍ഡ് പറഞ്ഞു. ഉയര്‍ന്ന നിരക്കില്‍ മോര്‍ട്ട്‌ഗേജുകള്‍ പുതുക്കേണ്ടി വരുന്ന ഒന്റാരിയോക്കാരെ പലിശ നിരക്ക് വര്‍ധന നേരിട്ട് ബാധിക്കുന്നതായും ഫോര്‍ഡ് പറഞ്ഞു.
പണപ്പെരുപ്പം കുറയ്ക്കാന്‍ പലിശ നിരക്ക് വര്‍ധന അനിവാര്യമാണെന്ന മക്ലെമിന്റെ വാദങ്ങള്‍ ഫോര്‍ഡ് തള്ളിക്കളഞ്ഞു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനാല്‍ ബാങ്ക് ഓഫ് കാനഡ 18 മാസത്തിനുള്ളില്‍ 11-ാം തവണയും നിരക്ക് ഉയര്‍ത്തുമോ എന്ന് ബുധനാഴ്ച പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാല് ശതമാനത്തില്‍ നിന്നും സെപ്റ്റംബറില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനമായി കുറഞ്ഞു.
പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് മക്ക്ലെം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
കനേഡിയന്‍ സമ്പദ്വ്യവസ്ഥ ഇതിനകം തന്നെ മന്ദഗതിയിലാണെന്നതിന് ധാരാളം തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ ബുധനാഴ്ച വര്‍ധനവ് ബാങ്ക് നിര്‍ത്തിവയ്ക്കുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നു.