ടെൽ അവിവ്: ഹമാസ് ഭീകരരുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ടെൽ അവീവിൽ എത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കും.
ഹമാസ് ഗാസയിൽ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും മാക്രോണിന്റെ സന്ദർശനത്തിന് പിന്നിലുണ്ട്.നെതന്യാഹുവിനു പുറമെ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രായേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യയിർ ലാപിഡ് എന്നിവരുമായും മാക്രോ ചർച്ച നടത്തും.
ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 30 ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ബന്ദികളാക്കുകയും ചെയ്തവരുടെ കുടുംബങ്ങളുമായും മാക്രോ കൂടികാഴ്ച നടത്തും. ഏഴ് ഫ്രഞ്ച് പൗരന്മാരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജൂതരാണെന്ന കാരണത്താലാണ് 30 പേരെയുെം ഹമാസ് മനഃപൂർവ്വം കൊന്നൊടുക്കിയെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് താൻ ജറുസലേമിലെത്തിയതെന്നും മാക്രോൺ പറഞ്ഞു.
ഇസ്രായേൽ കരയുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കവേ, ഗാസയിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്‌ക്കു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുമെന്നും മാക്രോയുമായി ബന്ധപ്പെട്ട ഫ്രഞ്ച് പ്രതിനിധികൾ അറിയിച്ചു.