തിരുവനന്തപുരം: കേരളത്തിലെ എൻസിപി പിളർപ്പിലേക്ക്. തോമസ് കെ തോമസ് വിഭാഗം എൻഡിഎ ക്യാമ്പിലെത്താൻ സാധ്യത. ദേശീയതലത്തിലെ പിളർപ്പിന് പിന്നാലെയാണ് എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നത്. തോമസ് കെ തോമസ് വിഭാഗം എൻഡിഎയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. അഖിലേന്ത്യ തലത്തിൽ അജിത് പവാർ, പ്രഫുൽ പട്ടേൽ അടക്കമുള്ളവരുടെ ഒപ്പം ചേരാനാണ് കേരളത്തിലെ ഒരു വിഭാഗത്തിന്റെ തീരുമനാനം. കേരളത്തിൽ പിസി ചാക്കോയും ശശീന്ദ്രന്റെയും നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവരുടെ മാറ്റം.
എൻസിപി പ്രസിഡന്റ് എന്ന നിലയിൽ വിഭാഗീയത സൃഷ്ടിക്കുകയും സ്വന്തമായി പാർട്ടി ഉണ്ടാക്കാനുള്ള വ്യഗ്രതയിലുമാണ് പി.സി ചാക്കോയെന്ന് എൻസിപി ദേശീയ നിർവാഹക സമിതി അംഗം പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. പിസി ചാക്കോ നടത്തുന്നത് സംഘടനാവിരുദ്ധ പ്രവർത്തനമാണ്. ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. എകെ ശശീന്ദ്രനെ രണ്ടര വർഷം കൂടി മന്ത്രിയാക്കണമെന്ന് പറയുന്നത് പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുൻധാരണ പ്രകാരം തോമസ് കെതോമസാണ് വരുന്ന രണ്ടര വർഷം മന്ത്രിയാകേണ്ടത് എന്നാൽ ഈ ധാരണയെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിസി ചാക്കോ നടത്തുന്നതെന്നും ഭൂരുഭാഗം അംഗങ്ങളും ആരോപിക്കുന്നു.
പിസി ചാക്കോ സാമ്പത്തിക കുറ്റവാളിയാണെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഇത് തെളിയിക്കുന്ന ഒട്ടനവധി തളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രീയ പാർട്ടി എന്ന നിലയ്‌ക്ക് എൻസിപി കൃത്യമായി ഫണ്ട് വിനിയോഗം നടത്തുന്നില്ല. പാർട്ടി ഓഫീസിനായി രണ്ടരക്കോടി പിരിച്ചെങ്കിലും ഇത് നടക്കുന്നില്ലെവന്നും ഓഫീസിനായി സ്ഥലം വാങ്ങിയതിലും വൻ ക്രമേേക്കട് നടന്നതായും കുഞ്ഞിക്കണ്ണൻ ആരോപിക്കുന്നു. ഓഫീസ് പണിയാനായി സ്വന്തം പേരിലാണ് പിസി ചാക്കോ സ്ഥലം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടു പോയാൽ ഈ പണമത്രയും ചാക്കോയ്‌ക്ക് ലഭിക്കുന്ന വിധത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യ തലത്തിൽ പാർട്ടിക്കുള്ളിലുണ്ടായ മാറ്റങ്ങൾ ഏവർക്കും അറിയാം. അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗം മറ്റൊരു മുന്നണി സംവിധാനത്തോടെ ചേർന്ന് അധികാരത്തിൽ എത്തി. അത് പാർട്ടിയുടെ അഖിലേന്ത്യ നയത്തിന്റെ ഭാഗമാണ്. ഈ കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ പിസി ചാക്കോയും മന്ത്രി ശശീന്ദ്രനും യോഗത്തിൽ പങ്കെടുത്തു. എന്നാൽ മറിച്ചൊരു വാക്ക് പറഞ്ഞില്ല. പുറത്തിറങ്ങി അഭിപ്രായപ്രകടനം നടത്തുകയാണ് ചെയ്യുന്നത്. അഖിലേന്ത്യ തലത്തിൽ സ്വീകരിച്ച നിലപാടിനൊപ്പം നിൽക്കുക എന്നതാണ് അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയ്‌ക്ക് ചെയ്യേണ്ടിയിരുന്നത്. പ്രഫുൽ പട്ടേലാണ് വർക്കിംഗ് പ്രസിഡന്റ്. സംസ്ഥാനത്ത് എൽ.എ മമ്മുട്ടിയെയാണ് ചാർജ് ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.