പുനലൂർ: അഞ്ചൽ ഏറം ഉത്ര വധവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസിൽ ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായിരുന്ന സൂരജ് എസ്. കുമാറിന് പുനലൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ആശ മറിയം മാത്യൂസ് ജാമ്യം അനുവദിച്ചു. എന്നാൽ, കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയിലുള്ള സൂരജ് പൂജപ്പുര സെൻട്രൽ ജയിലിലായതിനാൽ സ്ത്രീധന പീഡന കേസിലെ ജാമ്യത്തിൽ പുറത്തിറങ്ങാനാകില്ല.
ഈ കേസിൽ രണ്ടാം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കർ, മൂന്നാം പ്രതി മാതാവ് രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവർക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ സാക്ഷി വിസ്താരം ഇതേ കോടതിയിൽ നടന്നുവരികയാണ്. പ്രതിക്ക് വേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി.