ഓട്ടവാ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടെ കാനഡയെ അനുകൂലിച്ച് ന്യൂസിലാന്‍ഡ്. നയതന്ത്ര ദൗത്യത്തിലുള്ള 41 ഉദ്യോഗസ്ഥരെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രതികരിച്ചു. നേരത്തെ അമേരിക്കയും ബ്രിട്ടനും കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ന്യൂസിലന്‍ഡ് ഒരു തരത്തിലുള്ള അഭിപ്രായപ്രകടനവും നടത്തിയിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ കാനഡയെ പരസ്യമായി പിന്തുണയ്ക്കാത്ത ഏക ഫൈവ് എസ് രാജ്യവും ന്യൂസിലന്‍ഡായിരുന്നു.
ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇന്ത്യക്കെതിരായ വിമര്‍ശനം. ‘അക്രഡിറ്റഡ് നയതന്ത്രജ്ഞരുടെ പ്രത്യേകാവകാശങ്ങളും സംരക്ഷണവും ഉള്‍പ്പെടെ, നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961 ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം എല്ലാ രാജ്യങ്ങളും അവരുടെ ബാധ്യതകള്‍ പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സമയമാണിത്’, ന്യൂസിലാന്‍ഡ് പറഞ്ഞു.
കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നടന്ന ‘ഫൈവ് ഐസ്’ മീറ്റിംഗിന് ശേഷമാണ് ന്യൂസിലന്‍ഡും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ് എന്നിവയാണ് ഫൈവ് ഐസിലെ അംഗരാജ്യങ്ങള്‍. ഇവര്‍ പരസ്പരം പ്രധാനപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുകയും സുരക്ഷാ കാര്യങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്നു.
നേരത്തെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ യുകെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളോട് യുകെ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിച്ചതായി ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ നിലപാടില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് യുഎസും അഭിപ്രായപ്പെട്ടിരുന്നു.
”ഭിന്നതകള്‍ പരിഹരിക്കുന്നതിന് ആശയവിനിമയവും നയതന്ത്രജ്ഞരും ആവശ്യമാണ്. നിരവധി കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളോട് ഞങ്ങള്‍ യോജിക്കുന്നില്ല, ”എഫ്‌സിഡിഒ പ്രസ്താവനയില്‍ പറയുന്നു