ഗാസ സിറ്റി: ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8796 ആയി. ഇതിൽ 3648 പേർ കുട്ടികളാണ്. ഇതിനിടെ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ആക്രമണമുണ്ടായി. ഇന്നലെയുണ്ടായ ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു, ഇതിന് പിന്നാലെ ഇന്ന് വീണ്ടും ആക്രമണമുണ്ടാകുകയായിരുന്നു.
ഇസ്രയേൽ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ടെന്നാണ് ഹമാസ് അറിയിക്കുന്നത്. ഇതിനിടെ ഗാസയിൽ നിന്നുള്ള റഫ അതിർത്തി തുറന്നു. യുദ്ധം തുടങ്ങി 25ാം ദിവസമാണ് അതിർത്തി തുറക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റവരെ ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് മാറ്റും.
വിദേശികൾ ഉൾപ്പെടെയുള്ളവരെയാണ് റഫ അതിർത്തി വഴി ഈജിപ്തിലേക്ക് മാറ്റുന്നത്. 500 രോഗികളെയാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത്. വിദഗ്ധചികിത്സയും ശസ്ത്രക്രിയയും വേണ്ടവരെയാണ് ആദ്യം മാറ്റുക. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളിൽ ചികിത്സ മുടങ്ങിയ പശ്ചാത്തലത്തിലാണ് രോഗികളെ മാറ്റുന്നത്.
ഇന്നലെയുണ്ടായ ആക്രമണത്തിൽ ഗാസയിലെ എക കാൻസർ ചികിത്സാ ആശുപത്രിയായ ടർക്കിഷ് ആശുപത്രി തകർന്നു. അൽ ഖുദ്സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. തറയിലാണ് നൂറുകണക്കിനാളുകൾ കിടക്കുന്നത്. ശുദ്ധജലം ഇല്ലാത്തതിനാൽ അതീവ ദുരിതത്തിലാണ് ജനങ്ങൾ. ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടന്നത് കൂട്ടക്കുരുതിയെന്നാണ് പുറത്തുവരുന്ന വിവരം.