Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇസ്രായേലിനെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തണം'; അറബ് രാജ്യങ്ങളോട് ആയത്തുല്ല ഖാംനഈ

‘ഇസ്രായേലിനെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തണം’; അറബ് രാജ്യങ്ങളോട് ആയത്തുല്ല ഖാംനഈ

ഗസ്സക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നത് വരെ ഇസ്രായേലിന് മേൽ എണ്ണ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. രാജ്യത്തേക്കുള്ള ഭക്ഷ്യക്കയറ്റുമതിയും നിർത്തിവക്കണമെന്ന് രാജ്യങ്ങളോട് ഖാംനഇ ആവശ്യപ്പെട്ടു.

”ഗസ്സക്ക് നേരെയുള്ള ആക്രമണങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം സയണിസ്റ്റ് ഭരണകൂടത്തിന് മേല്‍ എണ്ണ ഉപരോധം ഏർപ്പെടുത്തണം. ഭക്ഷ്യക്കയറ്റുമതിയും തടയണം”- ഖാംനഇ പ്രതികരിച്ചു.

ഹമാസ്- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നേരത്തേ തന്നെ ഇറാന്‍ ഭരണകൂടം ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹമാസ് രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ്യയെയും ഇസ്‍ലാമിക് ജിഹാദ് സെക്രട്ടറി ജനറൽ സിയാദ് അൽനഖാലയെയും ഫോണിൽ വിളിച്ച് സഹായവാഗ്ദാനം നൽകി. ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാൻ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം ജബലിയയിൽ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കം നിരവധി പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗസ്സയിൽ ആകെ മരണം 8,796 ആയി. മരിച്ചവരില്‍ 3,648 കുട്ടികളും 2,290 സ്ത്രീകളും ഉള്‍പ്പെടുന്നു.

ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ റഫ അതിർത്തി വീണ്ടും തുറന്നു. ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കും. വിദേശ പൗരന്മാർക്കും പുറത്തു കടക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബർ 7ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റഫ അതിർത്തി അടച്ചിരുന്നു. പരിമിതമായ എണ്ണം സഹായ ട്രക്കുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് ഭാഗികമായി തുറന്നു. ഒക്ടോബർ 7 മുതൽ ഇതുവരെ 196 സഹായ ട്രക്കുകൾ ഗസ്സയിലേക്ക് കടന്നതായി റഫ ക്രോസിംഗ് മീഡിയ ഡയറക്ടർ അറിയിച്ചു.

ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട്​ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്​ ഫലസ്​തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. എന്നാൽ ഹമാസ്​ നേതാവിനെ ലക്ഷ്യമിട്ടാണ്​ ജബലിയ ക്യാമ്പിന്​ ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.ഇസ്രായേലിനെതിരെ കൂടുതൽ ശക്​തമായ ആ​ക്രമണം ഉണ്ടാകുമെന്ന്​ ഹിസ്​ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments