തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം തുടങ്ങി. അന്വേഷണസംഘം ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തി. സ്വർണ്ണ കടത്ത് സംഘത്തിൻറെ പങ്കാളിത്തം ഉൾപ്പെടെ ബന്ധുക്കൾ ഉന്നയിച്ച ആരോപണങ്ങളാണ് സിബിഐ പരിശോധിക്കുക.
ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാനാണ് പുതിയ സിബിഐ സംഘത്തിന്റെ വരവ്. തിരുവനന്തപുരം സിബിഐ ക്രൈം യൂണിറ്റ് ഇൻസ്പെക്ടർ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘം ഇന്ന് ഉച്ചയോടെ ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ ക്രൈംബ്രാഞ്ചിനും സിബിഐക്കും നൽകിയ മൊഴി വീണ്ടും വായിച്ചു കേൾപ്പിച്ച ഉദ്യോഗസ്ഥർ മറ്റു വിശദാംശങ്ങളും അന്വേഷിച്ചു. അന്വേഷണത്തിൽ പൂർണ്ണ പ്രതീക്ഷ ഉണ്ടെന്ന് കെ സി ഉണ്ണി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ പങ്കാളിത്തം ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. ബാലഭാസ്കറിന്റെ സഹായികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ ദുരൂഹ ഇടപെടലുകളിൽ ബന്ധുക്കൾ സംശയം ഉന്നയിക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ അപകട മരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ചോദ്യം ചെയ്തത് ബന്ധുക്കളും സാക്ഷി കലാഭവൻ സോബിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ബന്ധുക്കൾ ഉന്നയിച്ച സംശയങ്ങൾ അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിലായിരുന്നു ബാലഭാസ്കറും മകൾ തേജസ്വി സൂര്യയും മരിച്ചത്. ഭാര്യ ലക്ഷ്മിക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.