തിരുവനന്തപുരം: ഓഫീസുകളില്‍ ആളില്ലാതായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരളീയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. സെമിനാറുകളില്‍ മാത്രം ഉദ്യോഗസ്ഥര്‍ പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച് പുതിയ ഉത്തരവിറങ്ങി. ഓഫീസുകള്‍ ഒഴിഞ്ഞു കിടക്കുന്നത് വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടതോടെയാണ് ആദ്യ ഉത്തരവ് തിരുത്താന്‍ നിര്‍ബന്ധിതമായത്.
കേരളീയം പരിപാടികളുടെ വേദിയില്‍ പങ്കാളിത്തം ഉറപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് നല്‍കിയത്. കേരളീയം നടക്കുന്ന ഒരാഴ്ചക്കാലം ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ നഗരപരിധിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം എന്നായിരുന്നു ആദ്യ സര്‍ക്കുലര്‍. പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ വന്നതോടെ ജീവനക്കാര്‍ ഹാജര്‍ വെച്ച് പുറത്തുപോകാന്‍ തുടങ്ങി. ഇതോടെ മിക്ക ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയായി. ഇതാണ് ആദ്യസര്‍ക്കുലര്‍ തിരുത്തി നിയന്ത്രണം കൊണ്ടുവരാന്‍ കാരണം.
ഹാജര്‍ വെച്ച് എല്ലാ പരിപാടിക്കും പോകേണ്ടെന്നാണ് പുതിയ സര്‍ക്കുലര്‍. സെമിനാറില്‍ പങ്കെടുക്കാന്‍ മാത്രമേ അനുവാദമുളളു. ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ആദ്യ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുന്നു എന്നാണ് സര്‍ക്കുലറില്‍ പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ വിശദീകരണം.