മലപ്പുറം: കെ.പി.സി.സി നേതൃത്വത്തെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപിന്‍റെ ഉജ്ജ്വല ഫലസ്തീൻ ഐക്യദാർഢ്യറാലി. ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നൂറ് കണക്കിന് പേർ പങ്കെടുത്ത റാലി നടന്നത്.
അയ്യായിരത്തിലധികം പേർ പങ്കെടുത്ത റാലി മലപ്പുറം ടൗൺഹാളിന് സമീപത്ത് നിന്ന് തുടങ്ങി കിഴക്കേത്തല ജങ്ഷൻ വരെയാണ് നടത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ റാലി ആരംഭിച്ചു. ഇതിനിടെ പെരുംമഴ പെയ്തെങ്കിലും റാലി തുടർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകം ഏർപെടുത്തിയ ബസുകളിലാണ് സ്ത്രീകൾ ഉൾപടെ പ്രവർത്തകർ എത്തിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ജില്ലയിൽ രൂക്ഷമായ സാഹചര്യത്തിലാണ് എ. വിഭാഗം റാലി പ്രഖ്യാപിച്ചത്. പ്രസിഡന്റ് നിയമനത്തിൽ എ.വിഭാഗത്തെ വെട്ടിനിരത്തി എന്നായിരുന്നു പരാതി.
ഫലസ്തീൻ ഐക്യാർഢ്യറാലിയുടെ പേരിൽ എ. വിഭാഗത്തിന്റെ ശക്തിപ്രകടനമാണ് നടക്കാൻ പോകുന്നത് എന്ന് വ്യക്തമായതോടെ കെ.പി.സി.സി നേതൃത്വം റാലിക്ക് വിലക്ക് ഏർപെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കെ.പി.സി.സി യുടെ നോട്ടീസ് ആര്യാടൻ ഷൗക്കത്തിന് നൽകിയത്. റാലി അച്ചടക്ക ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
മലപ്പുറത്ത് ഒരു വിഭാഗം നടത്തുന്ന പരിപാടിക്ക് കെ.പി.സി.സിയുടെ വിലക്കുള്ളതാണെന്നും പാർട്ടിയുടെ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഉള്ളവർ പങ്കെടുത്താൽ കർശന നടപടി ഉണ്ടാവുമെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയുടെ മുന്നറിയിപ്പുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡി.സി.സിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യപരിപാടി നടത്തിയിരുന്നു. അതിനെ വെല്ലുന്ന റാലിയാണ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടന്നത്.