കാലിഫോർണിയ: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പൽ യു.എസിലെ ഓക്ലൻഡ് തുറമുഖത്ത് തടഞ്ഞിട്ട് പ്രക്ഷോഭകർ. വെള്ളിയാഴ്ച രാവിലെയാണ് 200ഓളം പേർ പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലിന് സൈനിക സഹായം നൽകരുതെന്നും വെടിനിർത്തണമെന്നുമുള്ള ബാനറുകളും ഫലസ്തീൻ പതാകകളുമായാണ് ഇവർ എത്തിയത്. തുടർന്ന് കേപ് ഒർലാൻഡോ എന്ന കപ്പലിൽ കയറിയും മുമ്പിൽനിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചും പുറപ്പെടുന്നത് തടയുകയായിരുന്നു.
സാൻഫ്രാൻസിസ്കൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് റിസോഴ്സ് ഓർഗനൈസേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറിയത്. ജൂത വിഭാഗക്കാരായ നിരവധി പേർ ഇതിൽ പങ്കാളികളായി. ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശത്തിൽ ഉപയോഗിച്ച കപ്പലാണ് കേപ് ഒർലാൻഡോ. 2014ലും 2021ലും ഇതേ രീതിയിൽ ഓക്‍ലൻഡിൽ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
യു.എസ് സാമ്രാജ്യത്വം ലോകത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയെന്നും യു.എസും ഇസ്രായേലും ചേർന്ന് ഇപ്പോൾ വലിയ യുദ്ധക്കുറ്റങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രക്ഷോഭകർ ആരോപിച്ചു. ഒമ്പത് മണിക്കൂറിന് ശേഷം കപ്പൽ പുറപ്പെട്ടെങ്കിലും അടുത്ത സ്റ്റോപ്പിൽ കാണാമെന്ന് പ്രക്ഷോഭകർ വിളിച്ചുപറയുന്നുണ്ടായിരുന്നു. കപ്പലിൽ തൂങ്ങിയ മൂന്ന് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.