തിരുവനന്തപുരം: മലപ്പുറത്ത് പലസ്തീൻ ഐകൃദാർഢ്യ റാലി നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ നോട്ടീസ്. റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിയോട് കെപിസിസി റിപ്പോർട്ട് തേടി. ഒരാഴ്ച്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം. അച്ചടക്ക സമിതി റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.
പരിപാടി വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടനെ സ്‌നേഹിക്കുന്നവരാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്ത് കൊണ്ടാണ് കെപിസിസിക്കു തെറ്റിദ്ധാരണ വന്നതെന്ന് അറിയില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസിസി പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നുമായിരുന്നു കെപിസിസിയുടെ നിർദേശം. എന്നാൽ പരിപാടിയില്‍ നിന്ന് പിന്മാറില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് നിലപാടെടുക്കുകയായിരുന്നു.
ആര്യാടൻ ഫൗണ്ടേഷന്റെ ഭാഗമായി മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് തുടങ്ങി കിഴക്കേത്തലവരെയായിരുന്നു കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ ഐകൃദാർഢ്യ റാലി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമാണെന്നാണ് റിപ്പോർട്ടുകൾ.