പലസ്തീന്‍ അനുകൂല സമാന്തര പരിപാടി നടത്തിയ സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ കെപിസിസി അച്ചടക്ക സമിതി. നാളെ വൈകിട്ട് അച്ചടക്ക സമിതി യോഗം ചേരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടിയില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം തുടരുകയാണ്.
ആര്യാടന്‍ ഷൗക്കത്തിന്റെ കാര്യത്തില്‍ കെപിസിസി അച്ചടക്ക സമിതിയുടെ കോര്‍ട്ടിലാണ് കാര്യങ്ങള്‍. ഷൗക്കത്തിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയ ശേഷമാകും നടപടി കാര്യത്തില്‍ അന്തിമ തീരുമാനം. ഒരാഴ്ച്ചക്കകം തീരുമാനം എടുക്കാനാണ് അച്ചടക്ക സമിതിക്ക് കെപിസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തി മറ്റുചില നീക്കങ്ങള്‍ ഷൗക്കത്ത് മുന്നില്‍ക്കാണുന്നുണ്ടോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ തളളുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അതേസമയം, ഷൗക്കത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നിട്ട് കൂടി തുടര്‍ച്ചയായി ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നതും വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചതും നിസാരമായി കാണരുതെന്ന അഭിപ്രായക്കാരും പാര്‍ട്ടിയിലുണ്ട്.