കിയവ്: യു.എസിൽനിന്ന് കൂടുതൽ ആയുധവും സാമ്പത്തിക സഹായവും ലഭ്യമാക്കാൻ സമ്മർദ്ദവുമായി യുക്രെയ്ൻ. യുദ്ധത്തിന്റെ വ്യാപ്തിയും കെടുതിയും അറിയാൻ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി രാജ്യത്തേക്ക് ക്ഷണിച്ചു. യുക്രെയ്നെ പരിധിവിട്ട് സഹായിക്കുന്നതിൽ റിപ്പബ്ലിക്കുകൾക്ക് എതിർപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ട്രംപിനെ ക്ഷണിക്കുന്നത്. ഇപ്പോൾ യുക്രെയ്നെ സഹായിച്ചില്ലെങ്കിൽ റഷ്യയുമായുള്ള വലിയ സംഘട്ടനത്തിലേക്ക് അമേരിക്കൻ സൈനികർ വലിച്ചെറിയപ്പെടുമെന്ന് എൻ.ബി.സിയുടെ മീറ്റ് ദി പ്രസ് പരിപാടിയിൽ സെലൻസ്കി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ 10000 കോടി ഡോളറിന്റെ അനുബന്ധ ചെലവ് ബിൽ പാസാക്കാൻ യുഎസ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇതിൽ ഭൂരിഭാഗവും യുക്രെയ്ന് നൽകാനാണ്.