തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റർ ദിനം കേരളത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവൃത്തി ദിനം ആക്കിയ നടപടി ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്നും ഈ നടപടി പിൻവലിക്കണം എന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് തുടങ്ങുന്നതിന് മുൻപ് എടുത്ത തീരുമാനപ്രകാരം ഈസ്റ്റർ ദിനത്തിൽ അധ്യാപകർ സ്കൂളിൽ ഹാജരാകേണ്ടുന്നതായ മുൻ സാഹചര്യം കെ സി സിയുടെ അഭ്യർത്ഥനയെ തുടർന്ന് ഒഴിവാക്കുവാൻ സർക്കാർ കാണിച്ച സമീപനം ഇക്കാര്യത്തിലും ഉണ്ടാകണമെന്നും ക്രൈസ്തവ സമൂഹത്തിൻറെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാർച്ച് 31 ഈസ്റ്റർ ദിനമാണ് എന്നത് മുൻകൂട്ടി അറിയാവുന്നതിനാൽ അത് അനുസരിച്ച് നികുതി പിരിവിന് വേണ്ട ക്രമീകരണങ്ങൾ . മുൻകൂട്ടി നടത്തുക റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഈസ്റ്റർ ദിനവും പ്രവർത്തി ദിനം ആക്കേണ്ടി വന്നത് റവന്യൂ വകുപ്പിൻറെ ആസൂത്രണത്തിൽ ഉള്ള പാളിച്ചയാണ്. അതിൻറെ പാപഭാരം ക്രൈസ്തവ വിശ്വാസ സമൂഹം ചുമക്കേണ്ടി വരുന്നത് പ്രതിഷേധാർഹമാണ് . ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവവിശ്വാസികൾക്ക് അവധി ലഭിക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി ചെയ്യണമെന്ന് കെസിസി ജനറൽ സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.