തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി.
സിആര്‍ കാര്‍ഡെന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതിയെന്നത് ഞെട്ടിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു. രാജ്യസുരക്ഷയെയും ജനാധിപത്യ പ്രക്രിയയെയും ബാധിക്കുന്ന ഈ സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.
കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദത്തിൽ
ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള ആപ്പ് നിര്‍മ്മിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും അറിവോടെയാണ് ഇതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവായി പരാതിക്കാര്‍ എഐസിസിക്ക് കൈമാറിയ മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയുമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉള്‍പ്പെടെയായിരുന്നു പരാതിക്കാര്‍ എഐസിസിക്ക് കൈമാറിയിരിക്കുന്നത്. പേരും മേല്‍വിലാസവും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയാല്‍ 5 മിനിറ്റിനകം യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാര്‍ഡ് ലഭിക്കുന്ന തരത്തിലാണ് സംവിധാനം.
ഇത് പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനും സാധിക്കും. ഇതേ മാതൃകയില്‍ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയില്‍ ആരോപിക്കുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ആര്‍ കമ്പനിയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്നും പരാതിക്കാര്‍ പറയുന്നുണ്ട്.