ദില്ലി: കേന്ദ്രസർക്കാരിനെതിരെ സമരപ്രഖ്യാപനവുമായി 16 വിദ്യാർഥി സംഘടനകൾ രംഗത്ത്. തൃണമൂൽ കോണ്ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ ചത്ര പരിഷദ് ഒഴികെയുളള വിദ്യാർത്ഥി സംഘടനകൾ ദില്ലിയിൽ സംയുക്ത വാർത്ത സമ്മേളനം നടത്തി. യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് സംയുക്ത സഖ്യം. പുത്തൻ വിദ്യാഭ്യാസ നയവും നീറ്റും ഒഴിവാക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണവും വാണിജ്യവൽക്കരണവും തടയുക തുടങ്ങി എട്ടോളം ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ട് വച്ചിട്ടുള്ളത്.
വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ദില്ലിയിൽ ജനുവരി പന്ത്രണ്ടിന് 25,000 പേർ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ചും ഫെബ്രുവരി 1 ന് ചെന്നൈയിൽ റാലിയും സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ ക്യാംപസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുവാനും യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു. ഐസ, എസ് എഫ് ഐ, എ ഐ എസ് എഫ്, എൻ എസ് യു, സി വൈ എസ് എസ് അടക്കം പതിനാറ് വിദ്യാർഥി സംഘടനകളടങ്ങിയതാണ് സഖ്യം.