ന്യൂഡൽഹി: ഇന്ത്യക്ക് പുറത്ത് വിവാഹങ്ങൾ നടത്തുന്നതിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില വലിയ കുടുംബങ്ങൾ വിവാഹം നടത്താനായി രാജ്യത്തിന് പുറത്തേക്ക് പോകുന്നതിൽ താൻ അസ്വസ്ഥനാണെന്നും ഇത്തരം ആഘോഷങ്ങൾ രാജ്യത്ത് തന്നെ നടത്തണമെന്നും രാജ്യത്തെ പണം ഇവിടുത്തെ ആഘോഷ കേന്ദ്രങ്ങൾ വിട്ട് പോകരുതെന്നും പ്രധാനമന്ത്രി പറയുന്നു. മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
മാത്രമല്ല വിവാഹത്തിനുള്ള സാധനങ്ങളും രാജ്യത്ത് നിന്ന് തന്നെ വാങ്ങണമെന്നും പ്രധാനമന്ത്രി പറയുന്നു. ‘ഇപ്പോൾ വിവാഹ സീസൺ ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഉണ്ടായേക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നത്. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം’. മൻ കി ബാത്തിലൂടെ മോദി പറഞ്ഞത് ഇങ്ങനെയാണ്.
‘വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഏറെക്കാലമായി എന്നെ അലട്ടുന്ന ഒരു ഹൃദയവേദന കൂടി പങ്കുവയ്ക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ. ഈ കാലത്ത് ചില കുടുംബങ്ങൾ വിദേശത്ത് പോയി കല്യാണം നടത്തുന്ന ഒരു പുതിയ രീതി സൃഷ്ടിക്കുന്നു. ഇത് അത്യാവശ്യമാണോ?. ഇന്ത്യൻ മണ്ണിൽ ഇവിടുത്തെ വിവാഹങ്ങൾ ആഘോഷിക്കുകയാണെങ്കിൽ രാജ്യത്തെ പണം ഇവിടെ തന്നെ ചിലവാകും’. ഇത്തരം വിവാഹങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് എന്തെങ്കിലും സേവനമോ മറ്റോ ചെയ്യാൻ അവസരം ലഭിക്കുമെന്നും മോദി ചൂണ്ടിക്കാട്ടുന്നു.