കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ അന്വേഷണ സംഘം തന്നെ ലക്ഷ്യം വയ്ക്കുന്നതായി അബിഗേലിന്റെ പിതാവ് റെജി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും റെജി. റെജിയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പ്രതികരണം. എല്ലാ പരിശോധനകളും നടക്കട്ടെ, കുട്ടികൾ ഗെയിം കളിക്കുന്ന ഫോണായിരുന്നു അത്. തന്റെയും തന്റെ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാമെന്നും റെജി മാധ്യമങ്ങളോട് പറഞ്ഞു.
‘ചില മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകുന്നു. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കണം. പോലീസിന്റെ അന്വേഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അന്വേഷണം നടത്തുന്നതിനാൽ കുട്ടി പറഞ്ഞ കാര്യങ്ങളും മാധ്യമങ്ങളോട് പറയുന്നില്ല. ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോയി’. ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും റെജി പറയുന്നു.
ഈ കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കുട്ടിയുടെ അച്ഛന്‍ റെജി താമസിച്ച ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നു. പത്തനംതിട്ടയിലാണ് ഫ്‌ളാറ്റ്. ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് അബിഗേലിന്റെ പിതാവ് റെജി. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.
പരിശോധനയുടെ ഭാഗമായി റെജിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ ആണ് കസ്റ്റഡിയിലെടുത്തതെന്ന് റെജി റിപ്പോര്‍ട്ടര്‍ ടി വിയോട് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനേയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ചില സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.