കളമശ്ശേരി: സഹപാഠികൾ അടക്കം നാലുപേരുടെ ദാരുണാന്ത്യത്തെത്തുടർന്ന് അവധിയായിരുന്ന കുസാറ്റിൽ പഠനം പുനരാരംഭിച്ചപ്പോൾ ക്ലാസുകളിൽ എത്തിയത് വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ. ഏഴ് ബാച്ചിലായി 1300 വിദ്യാർഥികളാണ് പഠിക്കുന്നത്. എത്തിയവരിൽതന്നെ ക്ലാസിൽ കയറിയത് കുറച്ചുപേർ മാത്രം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ടെക്ഫെസ്റ്റിനോടനുബന്ധിച്ച സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ചത്. ഇതേതുടർന്ന് അവധി നൽകിയ സർവകലാശാല അഞ്ചും ഏഴും സെമസ്റ്റർ ക്ലാസുകളാണ് വ്യാഴാഴ്‌ച തുടങ്ങാനിരുന്നത്.
ആദ്യ ദിവസം വിപുലമായ കൗൺസലിങ് സൗകര്യം ഒരുക്കിയാണ് ക്ലാസ് തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്.
എന്നാൽ, അപ്രതീക്ഷിത ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്ന് മുക്തമാകാത്തതിന്‍റെ നേർക്കാഴ്ചയാണ് ആദ്യദിവസം കാമ്പസിൽ കാണാനായത്.
അപകടത്തിൽ മരിച്ച കുട്ടികൾ മൂന്നാം സെമസ്റ്ററിൽ പഠിച്ചിരുന്നവരായിരുന്നു. അതിനാൽ ഒന്നും മൂന്നും സെമസ്റ്റർ തിങ്കളാഴ്ച തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭൂരിപക്ഷം കുട്ടികളും കടുത്ത മാനസികാഘാതം നേരിടുന്നതായാണ് അധ്യാപകർ പറയുന്നത്. ഇതേതുടർന്ന് വിദ്യാർഥികൾക്ക് നേരിട്ടും രക്ഷിതാക്കൾ മുഖേനയും കൗൺസലിങ് നൽകിവരുകയാണ്.
സര്‍വകലാശാലയിലെ യൂത്ത് വെല്‍ഫെയര്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ മാനസിക പിന്തുണ നല്‍കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജീവനി സെൻറര്‍ ഫോര്‍ സ്റ്റുഡൻറ് വെല്‍ബീയിങ് പ്രോഗ്രാം, ജില്ല മാനസികാരോഗ്യ പരിപാടി എന്നിവരുടെ സഹകരണത്തോടെയാണ് കൗണ്‍സലിങ് സൗകര്യം ഒരുക്കിയിരുന്നത്.