തൃശ്ശൂര്‍: കേരള വർമ കോളേജ് ചെയര്‍മാൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങിൽ അസാധുവായ വോട്ടുകൾ അന്ധവിദ്യാര്‍ത്ഥികളുടേതായിരുന്നുവെന്ന ആരോപണവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷി സേവ്യർ. ചെയര്‍മാൻ സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധനോട് മൂന്ന് വോട്ടിന് തോറ്റ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടനുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നിയമ നടപടികളിലേക്ക് പോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന കെഎസ്‌യു ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നത്തെ റീ കൗണ്ടിങ് ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ച വോട്ടെണ്ണലിൽ 23 ആയിരുന്നു അസാധു വോട്ട്. പിന്നീട് രാത്രിയിൽ അത് 27 ആയി. ഇന്ന് വീണ്ടും എണ്ണിയപ്പോൾ 34 ആയി അസാധു വോട്ടിന്റെ എണ്ണം മാറി. 10 വോട്ടുകൾ കൈവിരൽ പതിപ്പിച്ചതിനാലാണ് അസാധുവായത്. ഇതിൽ രണ്ടെണ്ണം എസ്എഫ്ഐക്ക് കിട്ടിയതും എട്ടെണ്ണം കെഎസ്‌യുവിന് കിട്ടിയതുമാണ്. ഈ വോട്ടുകൾ അന്ധ വിദ്യാർഥികളുടേതായിരുന്നു. കൈവിരൽ പതിപ്പിക്കരുതെന്ന് അവരോട് പ്രിസൈഡിങ് ഓഫീസർ പറഞ്ഞില്ല. റിട്ടേണിങ് ഓഫീസർ ചട്ടലംഘനം നടത്തിയെന്നും നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോളേജിൽ നടത്തിയ റീ കൗണ്ടിങിൽ ചെയർമാൻ സ്ഥാനം എസ്എഫ്ഐക്കാണ് കിട്ടിയത്. കെഎസ് അനിരുദ്ധൻ 892 വോട്ട് നേടി. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് 889 വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ട് ഭൂരിപക്ഷത്തിലാണ് അനിരുദ്ധന്റെ ജയം. നാല് പതിറ്റാണ്ടിലേറെക്കാലം കുത്തകയാക്കി വച്ച ക്യാമ്പസ് റീ കൗണ്ടിങിനൊടുവിൽ നിലനിർത്തിയതിന്റെ ആശ്വാസത്തിലാണ് എസ് എഫ് ഐ.
രാവിലെ 10 മണിയോടെയാണ് റീ കൗണ്ടിങ് നടപടികൾ ആരംഭിച്ചത്. 13 ബൂത്തുകളിലെ വോട്ടുകൾ ആദ്യം എണ്ണി തിട്ടപ്പെടുത്തി അസാധു വോട്ടുകൾ വേർതിരിച്ചു. 34 വോട്ടുകളാണ് അസാധുവായി കണ്ടെത്തിയത്. 18 വോട്ടുകൾ നോട്ട നേടി. പത്ത് റൗണ്ട് വരെ ശരാശരി പത്ത് വോട്ടുകൾക്ക് എസ്എഫ്ഐ സ്ഥാനാർഥി ലീഡ് നിലനിർത്തി. ഇതോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളാരംഭിച്ചു. 4.20 ന് വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾ അനിരുദ്ധന്റെ വിജയം 3 വോട്ടുകൾക്കായിരുന്നു. നിയുക്ത ചെയർമാനെ എടുത്തുയർത്തി മുദ്രാവാക്യം വിളികളോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തി.
നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് മുന്നിലെത്തിയിരുന്നു. പിന്നീട് എസ്എഫ്ഐയുടെ ആവശ്യപ്രകാരം നടത്തിയ റീ കൗണ്ടിങ്ങിൽ 11 വോട്ടുകൾക്ക് എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചു. ഇത് ചോദ്യം ചെയ്ത് കെഎസ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശ പ്രകാരം കേരളവര്‍മ്മ കോളേജില്‍ വീണ്ടും വോട്ടെണ്ണുകയായിരുന്നു.