വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളടക്കം 12 പേർക്കെതിരെ കേസെടുത്ത് പോലീസ്. റാഗിംഗിനെതിരെയാണ് 12 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (20), കോളേജ് യൂണിയൻ ചെയർമാൻ കെ. അരുൺ, ഭാരവാഹി എൻ. ആസിഫ് ഖാൻ (20), , കെ. അഖിൽ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്ബർ അലി (19), സിൻജോ ജോൺസൺ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാൽ (22), എ. അൽത്താഫ് (22), വി. ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇവരിൽ നാലുപേർ സിദ്ധാർത്ഥിന്റെ സഹപാഠികളാണ്. ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ 18 നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങി മരിച്ചത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് 16-നും 17-നും കോളേജിൽ വച്ച് സിദ്ധാർഥിന് മർദ്ദനവും പരസ്യവിചാരണയും നേരിടേണ്ടിവന്നുവെന്നാണ് ആരോപണം. സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യാൻ കാരണം റാഗിംഗാണെന്ന് ആരോപിച്ച് കുടുംബവും കൂട്ടുകാരും രംഗത്തെത്തിയിരുന്നു. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്