തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്ര വിജയം നേടി ആം ആദ്മി പാര്‍ട്ടി. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലാണ് ആംആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യന്‍ അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റാണ് 4 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആംആദ്മി സ്ഥാനാര്‍ഥി പിടിച്ചെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് അക്കൗണ്ട് തുറക്കാന്‍ കാരണമായ വിജയത്തെ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അഭിനന്ദിച്ചു. ബീന കുര്യന്‍റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് കേജ്രിവാള്‍ എക്സില്‍ കുറിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. 33 തദ്ദേശഭരണ വാർഡുകളിൽ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് വിജയം 10 ഇടത്ത് മാത്രം. കഴിഞ്ഞ തവണ എൽഡിഎഫിന് 12ഉം യുഡിഎഫിന് 11 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ്.ഡിപി.ഐ, ആം ആദ്മി പാർട്ടി എന്നിവർ ഓരോ സീറ്റുകളിൽ വിജയിച്ചു.
കഴിഞ്ഞ തവണ ആറ് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റ് മാത്രമാണുള്ളത്. കഴിഞ്ഞ തവണ രണ്ടിടത്ത് വിജയിച്ച എസ്ഡിപിഐ ഇത്തവണ ഒരിടത്ത് മാത്രമാണ് വിജയിച്ചത്. അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വിജയം എൽഡിഎഫിനായിരുന്നു