ന്യൂയോർക്ക് : ന്യൂയോർക്കിൽ യഹൂദ സംഘടനയെ ഭീഷണിപ്പെടുത്തുന്ന വോയ്‌സ് മെയിൽ അയച്ചുവെന്ന കുറ്റം ഇന്ത്യക്കാരനായ യുവാവ് സമ്മതിച്ചു. ഫ്ലോറിഡ സരസോട്ട നിവാസിയായ ദീപ് അൽപേഷ് കുമാർ പട്ടേൽ (21) ശിക്ഷിക്കപ്പെട്ടാൽ അഞ്ചു വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും.
വേൾഡ് ജ്യുവിഷ് കോൺഗ്രസിനു സ്വന്തം പേരു തിരിച്ചറിയുന്ന സന്ദേശം അയച്ചതിനു കഴിഞ്ഞ മാസമാണ് പട്ടേലിനെ അറസ്റ്റ് ചെയ്തതെന്നു യുഎസ് അറ്റോണി റോജർ ബി. ഹാൻഡ്‌ബെർഗ് പറഞ്ഞു. “എനിക്കു കഴിഞ്ഞാൽ ഓരോ ഇസ്രയേലിയെയും ഞാൻ കൊല്ലും. ഓരോരുത്തരെയും! ഇസ്രയേലികളെ വംശഹത്യ നടത്തും” എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.
സന്ദേശം അയച്ച അന്നു തന്നെ ഫ്ലോറിഡയിൽ തന്നെയുള്ള ടെമ്പിൾ ടെറസ് എന്ന യഹൂദ ദേവാലയത്തിൽ വിളിച്ചു അശ്ലീലം നിറഞ്ഞ മറ്റൊരു വോയ്‌സ് മെയിൽ നൽകിയതായും പട്ടേൽ സമ്മതിച്ചു. കരുതിക്കൂട്ടിയാണ് യഹൂദരെ ലക്‌ഷ്യം വച്ചതെന്ന് അയാൾ പോലീസിനോടു സമ്മതിച്ചു. എഫ് ബി ഐ യും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്