Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം, അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം, അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

കൊച്ചി: അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയില്‍ സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സവാദിനെ കൊച്ചിയിലെത്തിച്ചുവെന്നാണ് സൂചന. ഇന്നലെ അര്‍ധരാത്രി കണ്ണൂര്‍ ബേരത്തുള്ള വാടക വീട്ടില്‍നിന്നാണ് സവാദിനെ പിടികൂടിയത്. ഇവിടെ ആശാരിപ്പണിയെടുത്ത് കഴിയുകയായിരുന്നു.

നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു.സവാദ് കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്. നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന.

2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരായണ് ആക്രമണം ഉണ്ടായത്. ആക്രമിച്ച് അദ്ദേഹത്തിന്‍റെ കൈവെട്ടി മാറ്റുകയായിരുന്നു. കേസില്‍ ആദ്യഘട്ട വിചാരണയില്‍ 31 പേരെ പ്രതിയാക്കി എന്‍ഐഎയുടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 2015 മെയ് എട്ടിന് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. അതില്‍ 18പേരെ വെറുതെവിടുകയും പത്തുപേര്‍ക്ക് എട്ടു വര്‍ഷം തടവും രണ്ടു പേര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. പിടികൂടാനുള്ളവരുടെ ശിക്ഷാവിധി പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സംഭവം നടന്ന അന്ന് മുതല്‍ സവാദ് ഒളിവിലായിരുന്നതിനാല്‍ ഇയാള്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നില്ല. വിദേശത്തേക്ക് കടന്നശേഷം നാട്ടിലേക്ക് പിന്നീട് തിരി്ചചുവന്നതാണോയെന്ന കാര്യം ഉള്‍പ്പെടെ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളു.

പിന്നീട് പിടിയിലായ പ്രതികളുടെ ഉള്‍പ്പെടെയുള്ള ശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് കോടതി വിധിച്ചിരുന്നു. കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണമെന്നും അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments