കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
- നിലവിലെ സാഹചര്യത്തിൽ ശാന്തതയോടെ സാഹചര്യങ്ങൾ നേരിടണം. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സയ്ക്കായും മറ്റും പോകരുത്.
- ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
- പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത്.
- തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
- കിണർ തുടങ്ങിയ ജലസ്രോതസുകളിൽ വവ്വാൽ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം. വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.
- രോഗബാധിതരെ മാസ്കും ഗ്ലൗസും ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്. പരിചരിക്കരുത്. അവരുമായി ഒരു മീറ്റർ അകലം പാലിക്കണം
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. അവ വേർതിരിച്ചു സൂക്ഷിക്കണം, വൃത്തിയാക്കണം.
- ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം.
- മുയൽ, വവ്വാൽ, പന്നി തുടങ്ങിയ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ95 മാസ്ക് ഉപയോഗിക്കണം.