Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനൂറനാടിലെ മണ്ണെടുപ്പിനെതിരായ സമരം; ജനരോഷം ശക്തം

നൂറനാടിലെ മണ്ണെടുപ്പിനെതിരായ സമരം; ജനരോഷം ശക്തം

ആലപ്പുഴ:ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പിനെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സമാധനപരമായി സമരം നടത്തുന്നവര്‍ക്കുനെരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ ഭരണകക്ഷി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉച്ചയോടെ സമരക്കാരെ പൂര്‍ണമായും സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു മാറ്റി. സ്ഥലത്ത് ഇപ്പോഴും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കുള്ള റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ജനകീയ സമരം നടക്കുമ്പോഴും പൊലീസ് കാവലിൽ പാലമേൽ പഞ്ചായത്തിലെ മറ്റപള്ളി മേഖലയിൽ മണ്ണെടുപ്പ് തുടരുകയാണ്. പ്രതിഷേധങ്ങൾ ഒഴിവാക്കി മറ്റു വഴികളിലൂടെയാണ്  നിരവധി ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ടു പോകുന്നത്.

മലയിടിച്ചാല്‍ നാട് തന്നെ നശിച്ചുപോകുമെന്നും മണ്ണെടുപ്പിനെതിരായ പ്രതിഷേധ സമരങ്ങള്‍ തുടരുമെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണെടുപ്പിനെതിരെ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ദേശീയപാത വികസനത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് തടയാനാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ മണ്ണെടുപ്പ് ജീവന് ഭീഷണിയാണെന്നും കുടിവെള്ള ടാങ്ക് തകര്‍ന്നാല്‍ വലിയ രീതിയിലുള്ള അപകടമുണ്ടാകുമെന്നുമാണ് സമരക്കാര്‍ പറടയുന്നത്. സമരക്കാരെ പൊലീസ് ഉപദ്രവിച്ചുവെന്നും പലരുടെയും ബ്ലൗസും ചുരിദാറും നൈറ്റിയും ഉള്‍പ്പെടെ കീറിയെന്നും പഞ്ചായത്ത് മെമ്പറെ ഉള്‍പ്പെടെ പൊലീസ് മര്‍ദ്ദിച്ചുവെന്നും സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ആരോപിച്ചു. 

പൊലീസ് മണൽ മാഫിയയ്ക്ക് കൂട്ടുനിൽകുന്നത് ശരിയല്ലെന്ന് മാവേലിക്കര എം.എല്‍.എ എം എസ് അരുൺകുമാർ പറഞ്ഞു. മലയിടിച്ച് മണ്ണെടുക്കാനുള്ള നീക്കം കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ച് പ്രതിരോധിക്കുകയായിരുന്നു. സമാധാനപരമായി നടത്തിയ സമരത്തെ പൊലീസ് മര്യാദയില്ലാതെ അക്രമിച്ചു. ലാത്തി ഉപയോഗിച്ചും ബൂട്ട് ഉപയോഗിച്ചും ആക്രമിച്ചു. ഇത്  സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ സമീപനമാണ്. പൊലീസിനെ സമരക്കാര്‍ ആക്രമിച്ചിട്ടില്ല. 120 ഏക്കറിലായാണ് പ്രദേശത്ത് മണ്ണെടുക്കുന്നത്. മലയിടിച്ചുള്ള മണ്ണെടുപ്പില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മണ്ണെടുപ്പ്. മണ്ണ് മാഫിയക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും ശരിയല്ല.പഞ്ചായത്ത് അധികാരികള്‍ കോടതിയെ വിഷയം ധരിപ്പിച്ചിട്ട് വിധിപറയാന്‍ മാറ്റിവെച്ചിരിക്കെയാണ് പൊലീസ് നടപടിയെന്നും എം.എല്‍എ അരുണ്‍കുമാര്‍ പറഞ്ഞു.നിലവില്‍ സ്ഥലത്തെ പൊലീസ് നടപടി അവസാനിച്ചു. ഉച്ചയോടെയാണ് നടപടി അവസാനിച്ചത്. അതേസമയം, ഹൈക്കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തെന്നും ഒരു മണിക്കൂറിലധികം റോഡില്‍ മാര്‍ഗതടസമുണ്ടാക്കി സമരം ചെയ്തപ്പോഴാണ് അറസ്റ്റ് ചെയ്തു നീക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

ഇന്ന് പുലര്‍ച്ചെ  മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. പൊലീസ് നാട്ടുകാരെ അറസ്റ്റ് ചെയ്തു നീക്കി. പുലർച്ചെ നാലിന് നടന്ന ഈ സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധസമരവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് സമരക്കാരെ റോഡില്‍ വലിച്ചിഴച്ചത്. മണ്ണെടുപ്പ് മൂലം പാറ്റൂർ കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത നിർമാണത്തിനായുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments