തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിൽ തുടർ പ്രതിഷേധ പരിപാടികൾ എങ്ങനെ വേണമെന്ന് ആലോചിക്കാൻ എൻ എസ് എസ് ഡയറക്ടർ ബോർഡ് ഇന്ന് യോഗം ചേരും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ എൻ.എസ്.എസ് ഉറച്ചു നിൽക്കുകയാണ്. കൂടുതൽ ഹിന്ദു സംഘടനകളെ ഒപ്പം ചേർത്ത് പ്രതിഷേധം ശക്തമാകണമെന്ന് എൻ എസ് എസിൽ ചിലർക്ക് അഭിപ്രായം ഉണ്ട്. നാമ ജപ യാത്രക്കെതിരെ പോലീസ് കേസ് എടുത്തതുംഎൻ.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽ വെച്ചാകും ഇന്ന് തുടർ പരിപാടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുക.
അതേസമയം, മിത്ത് വിവാദം കൊടിമ്പിരി കൊണ്ടിരിക്കെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 23 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ വരും. മുതലപ്പൊഴി മുതല്‍ പ്ലസ് വണ്‍ സീറ്റ് വരെയുള്ള വിവാദങ്ങള്‍ സഭയില്‍ ഉയരും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്.സ്പീക്കർ മാപ്പ് പറയണെമന്നാവശ്യത്തില്‍ എന്‍ എസ് എസ് ഉറച്ച് നില്‍ക്കുകയാണ് ഇതിനിടിയിലാണ് നിയമസഭ സമ്മേളനം നാളെ ആരംഭിക്കുന്നത്. നാളെ ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീണ്ട് നില്‍ക്കും. നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും.