കോന്നി: കേരള വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ച നടത്തിയ അർദ്ധവാർഷിക പരീക്ഷയിൽ ഒമ്പതാം തരം സാമൂഹ്യശാസ്ത്രത്തിന്റെ ചോദ്യപേപ്പറിൽ കാശ്മീരിനെയും അരുണാചൽ പ്രദേശിനെയും അടയാളപ്പെടുത്താതെ നൽകിയത് പ്രതിഷേധാർഹമാണെന്ന് അധ്യാപക സംഘടനയായ എൻ ടി യു. ഭാരതത്തിന്റെ ഭൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം അന്വേഷിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണം. ദേശീയതയെ അവഹേളിക്കുന്ന ഇത്തരം ഭൂപടങ്ങൾ മുൻകാലങ്ങളിലും വിതരണം ചെയ്തിട്ടുണ്ടായിരുന്നു.
അത്തരം സന്ദർഭങ്ങളിലെല്ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നുള്ള ഭൂപടം മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവൂ എന്നുള്ള നിർദ്ദേശം നിലനിൽക്കെ അത്തരം നിർദ്ദേശങ്ങളെ കാറ്റിൽ പറഞ്ഞി പരസ്യമായി നിയമലംഘനം നടത്തുന്നവർക്കെതിരെ വകുപ്പുതല അന്വേഷണ നടപടികൾ സ്വീകരിക്കാഞ്ഞത് ഇടതുപക്ഷ ജിഹാദി കൂട്ടുകെട്ടുകളുടെ സമ്മർദ്ദം മൂലമാണ്. ഇത്തരം രാഷ്ട്രവിരുദ്ധ നടപടികൾ വിദ്യാർത്ഥികളിൽ ഭൂപടത്തെക്കുറിച്ച് തെറ്റായ ധാരണകൾ വളർത്താനേ ഉപകരിക്കൂ എന്നും എൻടിയു അറിയിച്ചു.
ഭാരതീയ സംസ്കാരത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ഈ സംസ്ഥാനങ്ങൾ ദേശഭരണത്തിന്റെ അഭിവാജ്യ ഭാഗങ്ങൾ മാത്രമല്ല രാഷ്ട്ര ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നിർണ്ണായക ഘടകങ്ങൾ കൂടിയാണ്. ഇത്തരം ചരിത്രധാരണകളെയും അടിസ്ഥാന നിർമ്മിതികളെയും നിരാകരിച്ചുകൊണ്ടുള്ള ചോദ്യപേപ്പറുകൾ വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് രാഷ്ട്രത്തിനോടുള്ള വെല്ലുവിളിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പാലിക്കേണ്ട അടിസ്ഥാന കർത്തവ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ഇത്തരം നടപടികൾ പ്രതിഷേധാർഹമാണ് ‘ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ഒരുപോലെ പ്രദർശിപ്പിക്കുകയും ആദരിക്കുകയും ചെയ്യണമെന്നത് ഭരണഘടന വ്യവസ്ഥകളാണ്. ഇത്തരത്തിലുള്ള നടപടികൾ ഭരണഘടന ലംഘനമാണ്.
അശാസ്ത്രീയമായ ഇത്തരം ചോദ്യപേപ്പറുകൾ പൊതു വിദ്യാഭ്യാസത്തിന്റെ അന്തസ്സിനെ കൂടി തകർക്കുന്നതാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതികളെ കുറിച്ചും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളെ കുറിച്ചും പഠിക്കേണ്ട വിദ്യാർത്ഥികൾക്ക് മുന്നിൽ വികലമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് സർക്കാരിന്റെ ഗൂഢതന്ത്രങ്ങളെ ശക്തമായി നേരിടുമെന്നും ഇതിനു പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ദേശീയ അധ്യാപക പരീഷത്ത് ജില്ലാ പ്രസിഡൻ്റ് അനിതാ ജി നായർ പറഞ്ഞു