തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഒരോ മാസവും മലയാളികള്‍ക്ക് നഷ്ടമായത് ശരാശരി പത്തുകോടി രൂപ. നാഷണല്‍ ക്രൈം, സൈബര്‍ ക്രൈം പോര്‍ട്ടല്‍, സംസ്ഥാനത്തെ സൈബര്‍ സെല്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുളള കണക്കാണിത്. 1930 എന്ന നമ്പറില്‍ പരാതിപ്പെട്ടാല്‍ മാത്രമേ ബാങ്കുകള്‍ ഇടപെട്ട് പണം നഷ്ടപ്പെടാതെ ഇടപാട് മരവിപ്പിക്കാന്‍ കഴിയൂ.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഹെല്‍പ്പ് ലൈന്‍ നമ്പറാണ് 1930. 1930ലേക്ക് വന്ന പരാതികളുടെ കണക്കെടുത്താല്‍ ദിവസവും ശരശരി 20 ലക്ഷം രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നടക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കിയാല്‍ നഷ്ടപ്പെട്ട പണം ഉപഭോക്താവിന് തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്തവുമുണ്ട്.
കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലുളളവരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. ലോണ്‍ ആപ്പുകള്‍, യുപിഐ ഐഡി, ഗൂഗിള്‍ പേ എന്നിവ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. പെന്‍ഷന്‍ പണം വരുന്ന ബാങ്ക് അക്കൗണ്ട് പുതുക്കണമെന്നാവശ്യപ്പെട്ട് മെസേജ് നല്‍കിയും തട്ടിപ്പ് നടക്കാറുണ്ട്. വാഹനമോ വീടോ വില്‍ക്കാനുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കുന്നവരെ സൈനിക യൂണിഫോം ധരിച്ച് വീഡിയോ കോള്‍ വിളിച്ച് സംസാരിച്ച് ഗൂഗിള്‍ പേ വഴി പണം തട്ടുന്ന രീതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.