പത്തനംതിട്ട: നിലയ്ക്കൽ ഭദ്രസനാധിപന് എതിരായ മോശം പരാമർശത്തിൽ ഫാ. മാത്യൂസ് വാഴകുന്നത്തിന് എതിരെ നടപടിയെടുക്കാൻ ഓർത്തഡോക്സ് സഭ അധ്യക്ഷനുമേൽ സമ്മർദ്ദമേറി. നടപടി എടുക്കാതിരുന്നാൽ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭ സ്ഥാനീയരും കതോലിക്കാ ബാവായെ നിലപാട് അറിയിച്ചെന്നാണ് വിവരം. അതേസമയം, സഭ അധ്യക്ഷനെ നേരിട്ട് കണ്ട് നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മാത്യൂസ് വാഴക്കുന്നം. സഭ അധ്യക്ഷന്‍റെ കല്പന പോലും കാറ്റിൽ പറത്തിയുള്ള ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ മോശം പരാമർശത്തിൽ ആടി ഉലയുകയാണ് ഓർത്തഡോക്സ് സഭ. തന്റെ കല്പനക്ക് വിധേയനാക്കേണ്ട വൈദികനിൽ നിന്ന് ഒരു ഭദ്രാസനാധിപനും ഇതുവരെ കേൾക്കാത്ത പരാമർശമാണ് നിലയ്ക്കൽ ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസ് കേട്ടത്.
ഫാ.ഷൈജു കുര്യന്റെ ബിജെപി പ്രവേശനത്തോടെ വൈദികർക്ക് ഇടയിൽ രാഷ്ട്രീയമായ ചേരിതിരിവ് രൂക്ഷമാണ്. അത് നിയന്ത്രിക്കാൻ ഇറങ്ങുന്ന ബിഷപ്പ്മാർക്ക് നിക്കോദിമോസിനെ പോലെ അസഭ്യം കേൾക്കേണ്ടി വന്നാൽ സഭയുടെ അച്ചടക്കവും കെട്ടുറപ്പും തകരും. അതിനാൽ, ഫാ. മാത്യൂസ് വാഴക്കുന്നത്തിനു എതിരെ എത്രയും വേഗം കർശന നടപടി എടുക്കണം എന്ന് ഭൂരിഭാഗം ഭദ്രസനാധിപൻമാരും സഭ അധ്യക്ഷനോട് ആവശ്യപെട്ടെന്നാണ് വിവരം. എന്നാൽ നടപടി വരാതിരിക്കാൻ നേതൃത്വത്തിനു മേൽ വലിയ സമ്മർദ്ദം മാത്യൂസ് വാഴക്കുന്നം നടത്തുന്നുണ്ട്. സഭ അധ്യക്ഷനെ കോട്ടയത്തെ ദേവലോകം അരമനയിൽ നേരിട്ട് എത്തി കാണും. ഫാ. ഷൈജു കുര്യനെതിരായ ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന് ബോധിപ്പിക്കാൻ ആകും വാഴക്കുന്നം ശ്രമിക്കുക. എന്ത് തന്നെ ആയാലും അച്ചടക്ക നടപടി പൂർണ്ണമായി ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. അതേസമയം, ഫാ ഷൈജു കുര്യന് എതിരായ സദാചാര വിരുദ്ധ പരാതികളിൽ ഉൾപ്പെടെ അന്വേഷണം നടത്താൻ നിയോഗിക്കുന്ന കമ്മീഷൻ ഉടൻ തെളിവെടുപ്പ് തുടങ്ങും.