Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'രേഖകളില്ലാത്തവർ ഈ മണ്ണിൽ വേണ്ട'; അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാൻ, മുന്നറിയിപ്പുമായി താലിബാൻ

‘രേഖകളില്ലാത്തവർ ഈ മണ്ണിൽ വേണ്ട’; അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാൻ, മുന്നറിയിപ്പുമായി താലിബാൻ

ഇസ്ലാമാബാദ്: അഫ്​ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാൻ. ഇതുവരെ രണ്ടര ലക്ഷം അഫ്​ഗാനികളെയാണ് പാകിസ്ഥാൻ തിരിച്ചയച്ചത്. പാക് നടപടിയിൽ അതൃപ്തി അറിയിച്ച് താലിബാൻ ​രം​ഗത്തെത്തി. അഫ്ഗാൻ കുടിയേറ്റക്കാരെ പുറത്താക്കി പാകിസ്ഥാൻ കാബൂളിനെ അപമാനിച്ചതായി  അഫ്ഗാൻ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീർ ഖാൻ മുത്താഖി ആരോപിച്ചു, അഫ്ഗാനിസ്ഥാന്റെ ഓൺലൈൻ വാർത്താ ഏജൻസിയായ ഖാമ പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ ആശങ്കകൾ പാകിസ്ഥാൻ സൈനിക, വിദേശകാര്യ അധികാരികളോട് ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ നാടുകടത്തൽ തടയാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുത്താഖി പറഞ്ഞു.

കുടിയേറ്റക്കാരെ പാകിസ്ഥാൻ നാടുകടത്തുന്നത് അഫ്​ഗാന്റെ മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമാണെന്നും എന്നാൽ അഫ്ഗാനിസ്ഥാൻ അത്തരം സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും തിരിച്ചയക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ മുത്താഖി ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാനിലെ അധികാരികളോട് ആശങ്കകൾ അറിയിച്ചിട്ടും ചൊവികൊള്ളാത്തത് അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതിനിടയിൽ, പാകിസ്ഥാൻ വിടാൻ നിർബന്ധിതരായ അഫ്ഗാനികൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ച് യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) മുന്നറിയിപ്പ് നൽകി.

പാകിസ്ഥാനിൽ അനധികൃതമായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികൾക്ക് ഒക്ടോബറിൽ അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് 250,000-ത്തിലധികം അഫ്​ഗാനികൾ പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. അതേസമയം, ഭൂരിഭാഗം പേരും സ്വമേധയാ പോയതാണെന്ന് പാകിസ്ഥാൻ വാദിക്കുന്നു. എന്നാൽ, നവംബർ ഒന്നിന് ശേഷം അഫ്​ഗാനികൾ പാകിസ്ഥാനിൽ നിന്ന്  മടങ്ങാൻ നിർബന്ധിതരായെന്ന് താലിബാൻ പറയുന്നു. 

പാകിസ്ഥാന്റെ നടപടിയിൽ അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി മുന്നറിയിപ്പ് നൽകി.  അഫ്ഗാൻ കുടിയേറ്റക്കാരെ നല്ല രീതിയിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതായി ടോളോ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തു. കാണ്ഡഹാർ പ്രവിശ്യയിലെ അഭയാർഥി, സ്വദേശിവൽക്കരണ വകുപ്പിന്റെ വിവരം അനുസരിച്ച്, കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 31,547 ആളുകളും 4,533 കുടുംബങ്ങളും പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയതായി പറയുന്നു.

അഫ്ഗാൻ അഭയാർത്ഥികൾ ഒക്ടോബർ 31നകം  രാജ്യം വിടണമെന്ന് പാകിസ്ഥാൻ കാവൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20 ലക്ഷം അഫ്ഗാൻ അഭയാർഥികളാണ് പാകിസ്ഥാനിലുള്ളത്. രേഖകളില്ലാത്തവരെ മടക്കി അയക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പാകിസ്ഥാൻ വിശദീകരിച്ചു. സ്വമേധയാ സ്വദേശത്തേക്ക് പോകുന്നതിന് പുറമെ, ചെറിയ കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ട അഫ്ഗാൻ പൗരന്മാരെയും നാടുകടത്തുന്നുണ്ടെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments