ദില്ലി: ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന പലസ്തീന് സഹായവുമായി ഇന്ത്യ. വ്യോമസേന വിമാനം സഹായവുമായി ഈജിപ്തിലേക്ക് തിരിച്ചു. മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തിൽ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗാസയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 6.5 ടൺ വൈദ്യസഹായ സാമഗ്രികളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐഎഎഫ് സി-17 ഞായറാഴ്ച പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. അവശ്യ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും അവശ്യവസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.