കൊച്ചി: വ്യാജ പ്രവൃത്തി പരിചയ രേഖ സമർപ്പിച്ച് അട്ടപ്പാടി കോളേജിൽ ജോലിക്ക് ശ്രമിച്ച വിദ്യക്കെതിരെ കാലടി സർവകലാശാലയിലെ മലയാളം വിഭാഗം രംഗത്ത്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. സംവരണം അട്ടിമറിച്ചാണ് കാലടി സർവ്വകലാശാലയിൽ ഗവേഷണത്തിന് വിദ്യ പ്രവേശനം നേടിയതെന്ന് ആരോപണം ഉയർന്നിരുന്നു. വിദ്യ 2020ൽ റെഗുലർ പി എച്ച് ഡി തുടങ്ങി. അടുത്തവർഷം പാർട്ട് ടൈമിലേക്ക് മാറി. പി എച്ച് ഡി സ്റ്റൈപ്പൻഡും കോളേജിലെ ശമ്പളവും വിദ്യയും ഒരുമിച്ച് കൈപ്പറ്റിയിട്ടില്ലെന്നും ഗൈഡ് ബിച്ചു എക്സ് മലയിൽ പറഞ്ഞു. വിദ്യ ചെയ്തത് വളരെ മോശമായ കാര്യമാണ്. അധ്യാപകർ വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്ന സന്ദേശം നൽകാതിരിക്കാനാണ് ഗൈഡ് ഷിപ്പിൽ നിന്നും ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കാലടി സർവ്വകലാശാലയിൽ കെ വിദ്യ പി എച്ച് ഡി പ്രവേശനം നേടിയത് എസ് സി എസ് ടി സംവരണം അട്ടിമറിച്ചെന്ന ആരോപണം വീണ്ടും സജീവമായി. വിദ്യക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ ചട്ടങ്ങൾ ലംഘിച്ചാണ് നടപടിയെന്നും ആരോപിച്ച് അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്ററും കാലടി സർവ്വകലാശാല വിദ്യാർത്ഥിയുമായ ദിനു വെയിൽ ആണ് 2019ൽ പരാതി നൽകിയിരുന്നത്. എസ് സി എസ് ടി സെൽ ആരോപണം ശരിവെച്ച് സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയിട്ടും അത് പരിഗണിക്കാതെ ആണ് വിദ്യയുടെ പ്രവേശന നടപടികളുമായി വിസി മുന്നോട്ട് പോയതെന്നും ദിനു വെയിൽ പറഞ്ഞു.