Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബേപ്പൂർ - കൊച്ചി - യു.എ.ഇ കപ്പൽ സർവീസ് : പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി

ബേപ്പൂർ – കൊച്ചി – യു.എ.ഇ കപ്പൽ സർവീസ് : പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : ബേപ്പൂർ – യു എ ഇ – കൊച്ചി ചാർട്ടേഡ് യാത്ര – ചരക്കു കപ്പൽ സർവീസ് ആരംഭിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അവലോകന യോഗത്തിന് എത്തിയ മുഖ്യമന്ത്രിയെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, യുഎഇ റീജിയൻ കൺവീനർ സി എ ബ്യൂട്ടി പ്രസാദ് എന്നിവർ സർക്കാർ അതിഥി മന്ദിരത്തിൽ സന്ദർശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരള സംസ്ഥാന വ്യാപാരി – വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം പി സൂര്യ അബ്ദുൽ ഗഫൂർ സന്നിഹിതനായിരുന്നു.

കപ്പൽ സർവീസ് യാത്രയ്ക്ക് മാത്രമല്ല ചുരുങ്ങിയ ചെലവിൽ ചരക്കു കയറ്റിറക്കുമതി, ടൂറിസം, ഐ. ടി, കാർഷിക, ചികിത്സ മറ്റ് അനുബന്ധ മേഖലകൾക്കെല്ലാം ഏറെ ഉപകരിക്കും. ആഘോഷ – അവധി വേളകളിൽ വിമാന നിരക്കുകൾ സാധാരണക്കാർക്ക് വഹിക്കാവുന്നതിലും അധികമാവുന്ന സാഹചര്യത്തിലാണ് കപ്പൽ സർവീസിന്റെ ആവശ്യകത അനിവാര്യമായത്.

അന്താരാഷ്ട്ര തലത്തിൽ ഡൽഹിയിൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിനോട്‌ അനുബന്ധിച്ച് നടത്തിയ ഓപ്പൺ ഫോറത്തിൽ പ്രവാസികളുടെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരത്തിനായി കപ്പൽ സർവീസ് ആരംഭിക്കണം എന്ന വിഷയം അവതരിപ്പിച്ചതായി ജോസ് കോലത്ത് കോഴഞ്ചേരി എം ഡി സി പ്രസിഡണ്ടിനെ അറിയിച്ചു. മലയാളികൾക്ക് മാത്രമല്ല തമിഴ്നാട് ഉൾപ്പെടെയുള്ള കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും കുറഞ്ഞ ചിലവിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യാൻ കപ്പൽ സർവീസ് സഹായകരമാവും എന്ന് അദ്ദേഹം പറഞ്ഞു.

കപ്പൽ സർവീസ് ആരംഭിക്കുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യുമെന്നും, ടൂറിസത്തിന് വൻ സാധ്യതകൾ സൃഷ്ടിക്കുമെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിലിന് എല്ലാവിധ പിന്തുണയും കോൺകേവ് ട്രസ്റ്റ് ചെയർമാൻ അലക്സ് വിളനിലം അറിയിച്ചു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയാണ് പ്രവാസി കോൺക്ലേവ് ട്രസ്റ്റ്. എം ഡി സി രക്ഷാധികാരിയും, പ്രമുഖ ചലച്ചിത്ര നിർമ്മാതാവും, വിവിധ സംഘടനകളുടെ ഭാരവാഹിയുമായ ഡോക്ടർ എ വി അനൂപ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻസ് നാഷണൽ സെക്രട്ടറി ദിനേശ് നായർ ഉൾപ്പെടെ നിരവധി പ്രമുഖ ദേശീയ അന്തർദേശീയ സംഘടന ഭാരവാഹികൾ മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, കേരള മുഖ്യമന്ത്രി, തുറമുഖ – ഗതാഗത – ടൂറിസം മന്ത്രിമാർ, കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്സ് എന്നിവരുടെയും യോജിച്ച പ്രവർത്തനത്തിന് നന്ദിയും സഹായസഹകരണവും പിന്തുണയും അറിയിച്ചിട്ടുള്ള സന്ദേശങ്ങൾ എം ഡി സി പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

മലബാർ ഡെവലപ്മെന്റ് കൗൺസിലും, ഇന്ത്യൻ അസോസിയേഷൻ ഷാർജയും കേരളത്തിലെ 18 ഭരണ – പ്രതിപക്ഷ എംപിമാർ ഒപ്പിട്ട നിവേദനം കേന്ദ്ര ഷിപ്പിംഗ് മന്ത്രിക്ക് സമർപ്പിച്ച് പ്രാഥമിക അനുമതിയും അംഗീകാരവും നേടിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും നേരത്തെ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ മിതവും ന്യായവുമായ ആവശ്യത്തിന് അർഹിക്കുന്ന പ്രാധാന്യത്തോടെ ദൃശ്യമാധ്യമങ്ങൾ യഥാസമയം ജനങ്ങളിൽ എത്തിച്ചതാണ് എല്ലാ കോണുകളിൽ നിന്നും ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയും അംഗീകാരവും ലഭിക്കാനിടയാക്കിയത്.
ആദ്യകാലങ്ങളിലെ വിമാന – തീവണ്ടി – റോഡ് – ജലഗതാഗത യാത്രയിലെ അനുഭവങ്ങൾ പ്രമേയമാക്കി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച തോൽക്കാൻ മനസ്സില്ലാതെ എന്ന ഷെവ. സി. ഇ. ചാക്കുണ്ണിയുടെ ആത്മകഥ മുഖ്യമന്ത്രി സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments