തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തിൽ നിന്നുള്ള എംപി മാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയ്യാറാണെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാനാവണമെന്നും വേണുഗോപാലിന്റെ വാഗ്ദാനം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രപദ്ധതികളുടെ സമയ ബന്ധിതമായ പൂർത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം പിമാരെ അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.