തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രി സഭയിൽ പ്രത്യേക പ്രസ്താവന നടത്തുക. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായിട്ട് 13 ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് വിവാദമായിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചി കോര്‍പറേഷന് മുന്നില്‍ ഉണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബ്രഹ്മപുരത്തില്‍ ഇതുവരെയുണ്ടായ കാര്യങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തുക.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽതുടർ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആളുകളുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. വിഷപുക ശ്വസിച്ച വളർത്തു മൃഗങ്ങളുടെ പാൽ, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സിന്റെ അളവുംപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.