കൊച്ചി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പൊതുവായ വിഷയങ്ങളിലെ ആശങ്കകൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്ന്, യാക്കോബായ സഭാ മെത്രാപൊലീത്ത ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. കർഷകപ്രശ്നങ്ങളും മൽസ്യത്തൊഴിലാളി പ്രശ്നങ്ങളും ചർച്ചയായി. ബി.ജെപി ഭരണമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും രാജ്യത്തെ വികസനം വേണമെന്ന് ആവശ്യപ്പെട്ടു. മോദി ഇടയ്ക്കിടെ കേരളത്തിലേക്ക് വരണമെന്ന് ബിഷപ്പുമാർ പറഞ്ഞു.
സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗോവയിലടക്കം ക്രൈസ്തവർ ഏറ്റെയുള്ള മേഖലകൾ ബി ജെപിയേയും കേന്ദ്ര സർക്കാരിനെയും പിന്തുണക്കുന്നതും അദ്ദേഹം ഓർമപ്പെടുത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊർജം നൽകുന്നതെന്ന് ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. പള്ളിത്തർക്കവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ശാശ്വതപരിഹാരത്തിനുള്ള സകല പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി തങ്ങളോട് പ്രാർഥനയും അനുഗ്രഹവുംആവശ്യപ്പെട്ടു. അതുണ്ടാകുമെന്ന് തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് വിശദമാക്കി.