കൊച്ചി : തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിൽ ഇരുമ്പനം സ്വദേശി മനോഹരൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ മനോഹരന്റെ കുടുംബം രംഗത്ത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് വരുത്താൻ ആസൂത്രിത ശ്രമം നടക്കുന്നതായി കുടുംബം ആരോപിച്ചു. ലീഗൽ സെൽ രൂപീകരിച്ച് കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കുടുംബത്തിൽ നിന്നും ഉടൻ മൊഴിയെടുക്കും.
പൂർണ ആരോഗ്യവാനായിരുന്നു മനോഹരൻ എന്ന് ബന്ധുക്കൾ വ്യക്തമാക്കി. മരണത്തിന് പൊലീസ് മർദ്ദനം തന്നെയാണ് കാരണം. മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും മനോഹരനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത് ദുരൂഹമാണെന്നും സത്യം പുറത്ത് വരണമെന്നും കുടുംബം ആവശ്യപ്പെട്ടു. എസ്ഐയെ സസ്പെന്റ് ചെയ്ത നടപടിയിൽ തൃപ്തരല്ലെന്നും സംഭവത്തിലുൾപ്പെട്ട മറ്റ് പൊലീസുരകാർക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മനോഹരന്റെ മരണത്തിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. മൃഗങ്ങളുടെ സ്വഭാവമാണ് കേരള പൊലീസിനെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം വിമർശിച്ചു. കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തിലും കൂടുതൽ പൊലീസുകാർക്ക് എതിരെ നടപടിയെടുക്കുന്ന കാര്യത്തിലും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.